shadow

ഐ.പി.സി. നോർത്ത് അമേരിക്കൻ മിഡ് വെസ്റ്റ് റീജിയൺ പി. വൈ. പി. എ. യുടെ പുതിയ നേതൃത്വത്തിനു മെയ് 23 നു കൂടിയ പൊതുയോഗത്തിൽ തീരുമാനമായി. കഴിഞ്ഞ മൂന്നുവർഷം റീജിയൻ പി. വൈ.പി.എ. പ്രവർത്തനങ്ങൾക്ക് സ്തുത്യർഹമായ സേവനം ചെയ്ത പ്രസിഡന്റ് ബോബി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സെക്രട്ടറി ചാൾസ് മാത്യു പോയ വർഷത്തെ സംക്ഷിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വരവ്-ചിലവ് കണക്കുകളുടെ അവതരണവും നടന്നു. തുടർന്ന് 2015-18 വരെയുള്ള പ്രവർത്തനവർഷത്തേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പു നടന്നു. വെസ്ലി ആലുംമൂട്ടിൽ ( പ്രസിഡന്റ്), ജെറി രാജൻ കല്ലൂർ ( വൈസ് പ്രസിഡന്റ്), ഡോ. മനു ചാക്കോ (സെക്രട്ടറി), ക്രിസ് മാത്യു ( ജോ. സെക്രട്ടറി), ഷോണി തോമസ് ( ട്രഷറർ), ജിജോ ജോർജ്ജ് ( മീഡിയ), ജോഷിൻ ഡാനിയേൽ ( താലന്തു കൺവീനർ), എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വെസ്ലി ആലുംമൂട്ടിൽ പുത്രികാ സംഘടനയിലൂടെ തന്റെ നേത്രൃത്വ പാടവം തെളിയിച്ച വ്യക്തിയാണു. ഐ. പി. സി. ജനറൽ പി. വൈ.പി.എ. അഡ്ഹോക്ക് കമ്മറ്റിയുടെ മുൻ ട്രഷറർ, മിഡ് വെസ്റ്റ് പി. വൈ. പി. എ. ട്രഷറർ എന്ന പദവികൾ വഹിച്ചതിനുശേഷം ഇപ്പോൾ ഐ. പി. സി. ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്റർ പദവി അലങ്കരിക്കുന്നു. ഐ. പി. സി. മുൻ കേരളാ സ്റ്റേറ്റ് ട്രഷറർ ഫിന്നി ആലുംമൂട്ടിലിന്റെ പുത്രനായ ഇദ്ദേഹത്തിന്റെ ഭാര്യ ജെമി,മകൾ: ഇവാ.

വൈസ്പ്രസിഡന്റ് ജെറി രാജൻ മിഡ് വെസ്റ്റ് പി. വൈ. പി.എ.യിലെ പുതുമുഖം ആണെങ്കിലും, കൊട്ടാരക്കര മേഖലാ പി.വൈ. പി. എ. യിൽ കൂടി നേത്രൃത്വ നിരയിൽ വന്ന വ്യക്തിയാണു. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദധാരിയും, ഡാളസ് ഐ. പി. സി. ഏബൻ-ഏസർ സഭാംഗവുമായ ഇദ്ദേഹം ഡാളസ് പി. വൈ.സി.ഡി.യുടെ പ്രവർത്തന വർഷത്തെ കമ്മറ്റി അംഗമാണു.

അനുഗ്രഹീത സംഘാടകനും, പ്രഭാഷകനും ആയ ഡോ. മനു ചാക്കോ ഇത് രണ്ടാം തവണയാണു റീജിയൻ പി.വൈ.പി.എ. യുടെ എക്സിക്യൂട്ടീവ് പദവി അലങ്കരിക്കുന്നതു. പോയ വർഷത്തിലെ കമ്മറ്റിയിൽ ഉപാദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം ആതുര സേവനരംഗത്തെ ഭിഷഗ്വരൻ ആണു. ജോലിയും , ആത്മീക ജീവിതവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകുന്ന ഇദ്ദേഹം ഹ്യൂസ്റ്റൺ ഹെബ്രോൻ ഐ. പി.സി. സഭാംഗം ആണു. ഭാര്യ: ലിൻസി – ഏകമകൾ – മിലാനിയ.

ഐ. പി. സി. ഡാളസ് ഹെബ്രോൻ സഭയുടെ യുവജന വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ക്രിസ് മാത്യു , ഗുഡ്ന്യൂസ് വാർത്താ വാരികയുടെ സ്ഥാപകനായിരുന്ന പരേതനായ വി. എം. മാത്യു അവർകളുടെ പേരമകനും, ഐ. പി. സി. ജനറൽ കൗൺസിൽ അംഗം കുര്യൻ മാത്യുവിന്റെ പുത്രനുമാണു. ഡാളസ് സൗത്ത് വെസ്റ്റ് മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റ് വിഭാഗത്തിൽ ജോലി ചെയ്യുന്നതോടൊപ്പം യുവജന പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം ആണു.

ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ഷോണി തോമസ്‌ ഡാളസ് പി.വൈ.സി. ഡി എന്ന സംഘടനയുടെ മീഡിയ കോർഡിനേറ്റർ ആയി സേവനം അനുഷ്ഠിച്ചുവരുന്നു. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് പി. തോമസിന്റെ ഇളയമകനായ ഇദ്ദേഹം ഡാളസ് കാൽവറി സഭാംഗമാണു. ഭാരതത്തിൽ ആലപ്പുഴ സെന്റർ പി. വൈ. പി. എ. പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്. കംപ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയുട്ടുണ്ട്.

മിഡ് വെസ്റ്റ് റീജിയൻ യുവജന പ്രവർത്തനങ്ങളിൽ പുതുമുഖമായ ജിജോ ജോർജ്ജ് ഒക്കലഹോമ ഏബനേസർ സഭയുടെ സജീവ അംഗമാണു. ഇൻഫോർമേഷൻ ടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. ഭാര്യ – റെനി.

താലന്തു പരിശോധനയിനങ്ങളുടെ സുഗമമായ നടത്തിപ്പിനു മേൽനോട്ടം വഹിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ജോഷിൻ ഡാനിയേൽ ഹ്യൂസ്റ്റൺ ഐ. പി. സി. സഭാംഗവും, മിഡ് വെസ്റ്റ് റീജിയൻ പി.വൈ. പി. എ. യുടെ വിവിധ പദവികൾ അലങ്കരിച്ചിട്ടും ഉണ്ട്. ഹ്യൂസ്റ്റണിലെ ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭകളുടെ സംഗമ സംഘടനയുടെ കാര്യദർശിയുമാണു. ഭാര്യ: ജോളി.

യുവജനങ്ങളിൽ ആത്മീക ഉത്തേജനം പകരുന്നതിനും, അവരെ മുഖ്യധാരയിൽ കൊണ്ടുവന്ന് കർമ്മോത്സുകരാക്കുന്നതിനും ഉതകുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.